തലമാറ്റിവെക്കല്‍ വൻ വിജയം; മനുഷ്യനിൽ പരീക്ഷിക്കുന്നു, ചിലവ് 132 കോടി രൂപ
മനുഷ്യരിലെ അവയവമാറ്റം വിജയകരമായി പൂര്‍ത്തിയാക്കിയത് വൈദ്യശാസ്ത്രം കൈവരിച്ച സുപ്രധാന നേട്ടങ്ങളിലൊന്നാണ്. ഇത്തരം അവയവമാറ്റ ശസ്ത്രക്രിയകള്‍ ഒരുകാലത്ത് വളരെ അപകടകരമെന്നാണ് കരുതിയിരുന്നതെങ്കില്‍ ഇപ്പോള്‍ കിഡ്‌നി, കണ്ണ്, ഹൃദയം തുടങ്ങിയ നിരവധി അവയവങ്ങള്‍ താരതമ്യേന അപകടരഹിതമായി തന്നെ വിജയകരമായി പൂര്‍ത്തിയാക്കുന്നതില്‍ വൈദ്യശാസ്ത്രം വിജയിച്ചു കഴിഞ്ഞു. അങ്ങനെയെങ്കില്‍ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ എന്തുകൊണ്ട് നടത്തിക്കൂടാ? ഈ ചോദ്യം ചോദിക്കുക മാത്രമല്ല അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തയാളാണ് വിവാദ ശസ്ത്രക്രിയാവിദഗ്ധന്‍ ഡോ. സെര്‍ജിയോ കനവാരോ. തന്റെ വിചിത്ര ആശയത്തെ പ്രാവര്‍ത്തികമാക്കുന്നതിനുള്ള അവസാനഘട്ട ശ്രമത്തിലാണ് ഈ ഇറ്റാലിയന്‍ ഡോക്ടറും സംഘവും. ഇതിന്റെ മുന്നോടിയായി നടത്തിയ കുരങ്ങുകളിലെ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. ലോകത്തെ ആദ്യത്തെ മനുഷ്യരിലെ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ 2017 ഡിസംബറിലാണ് നിശ്ചയിച്ചിരിക്കുന്നത്.
ഇറ്റാലിയന്‍ ഡോക്ടര്‍ സെര്‍ജിയോ കനവെരോയും ചൈനീസ് ഡോക്ടര്‍ റെന്‍ സിയോപിംഗുമായിരിക്കും ശസ്ത്രക്രിയാ സംഘത്തെ നയിക്കുക. മുന്നൊരുക്കങ്ങളുടെ ഭാഗമായി കുരങ്ങുകളിലും എലികളിലും മനുഷ്യരുടെ മൃതശരീരങ്ങളിലുമെല്ലാം തലമാറ്റിവെക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി കഴിഞ്ഞു. ശരീരത്തിലെ മസിലുകള്‍ ക്ഷയിക്കുന്ന (വെര്‍ഡ്‌നിഗ് ഹോഫ്മാന്‍) അപൂര്‍വ്വ രോഗബാധിതനായ 31കാരനായ സ്പിരിഡോവിന്റെ തലയാണ് ആരോഗ്യമുള്ള മറ്റൊരു ഉടലിലേക്ക് മാറ്റിവെക്കുക. റഷ്യയിലെ വ്ലാഡിമിര്‍ സ്വദേശിയാണ് സോഫ്റ്റ്‌വെയര്‍ എൻജിനീയര്‍ കൂടിയായ സ്പിരിഡോവ്. ശസ്ത്രക്രിയ നിശ്ചയിച്ച സമയത്ത് ലഭിക്കുന്ന മസ്തിഷ്‌കമരണം സംഭവിച്ചയാളുടെ ഉടലായിരിക്കും സ്പിരിഡോവിന്റെ തലയില്‍ വെച്ചുപിടിപ്പിക്കുക. ആദ്യമായി മനുഷ്യരിലെ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് 2013ലായിരുന്നു.
സ്പിരിഡൊനോവ് കനവാരോയാണ് തലമാറ്റിവെക്കല്‍ ശസ്ത്രക്രിയയെന്ന ആശയം നടപ്പിലാക്കാന്‍ ആദ്യം മുന്നിട്ടിറങ്ങിയത്. ആദ്യം ശസ്ത്രക്രിയ യാഥാര്‍ഥ്യമാക്കുന്നതിന് അമേരിക്കയെ സമീപിച്ചെങ്കിലും അനുവാദം ലഭിച്ചില്ല. മാത്രമല്ല വലിയതോതില്‍ വിമര്‍ശം ഉയരുകയും ചെയ്തു. തുടര്‍ന്നാണ് ചൈന ഈ ശസ്ത്രക്രിയക്ക് സൗകര്യമൊരുക്കാന്‍ തയ്യാറായത്. ചൈനീസ് ഡോക്ടര്‍ റെന്‍ സിയോപിംഗിനൊപ്പം ചേര്‍ന്നായിരിക്കും ഡോ. കനവെരോ ദൗത്യം പൂര്‍ത്തിയാക്കുക. ആയിരത്തിലേറെ എലികളില്‍ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയയാളാണ് ഡോ. റെന്‍ സിയോപിംഗ്. പത്ത് മണിക്കൂര്‍ നീളുന്ന ശസ്ത്രക്രിയയാണ് എലികളില്‍ റെന്‍ സിയോപിംഗ് നടത്തുന്നത്.
36 മണിക്കൂര്‍ നീളുന്ന മാരത്തണ്‍ ശസ്ത്രക്രിയയിലൂടെയായിരിക്കും സ്പിരിഡൊനോവിന്റെ തല മറ്റൊരു ശരീരത്തിലേക്ക് പിടിപ്പിക്കുക. ഏറ്റവും കുറഞ്ഞത് 20 ദശലക്ഷം ഡോളര്‍ (ഏകദേശം 132 കോടി രൂപ) ആണ് ശസ്ത്രക്രിയക്ക് മാത്രമായി ചെലവ് പ്രതീക്ഷിക്കുന്നത്. ഹെഡ് അനാസ്‌റ്റോമോസിസ് വെന്‍ച്യുര്‍ അഥവാ ഹെവന്‍ എന്ന പേരിലാണ് തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ അറിയപ്പെടുന്നത്. മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ ശരീരമാണ് സ്പിരിഡൊനോവിന്റെ തലയില്‍ വെച്ചുപിടിപ്പിക്കുക. 2017 ഡിസംബറില്‍ നടക്കുന്നതിനാല്‍ ആരായിരിക്കും ശരീരദാതാവെന്ന് ഇപ്പോള്‍ പറയാനാകില്ല. ശസ്ത്രക്രിയ നടക്കുന്ന സമയത്ത് മസ്തിഷ്‌ക മരണം സംഭവിക്കുന്നയാളെയായിരിക്കും ദാതാവായി ഉപയോഗിക്കുക.
ശരീരദാതാവിന്റെയും സ്പിരിഡൊനോവിന്റേയും കഴുത്ത് ഒരേസമയം ശരീരത്തില്‍ നിന്നും അതീവ മൂര്‍ച്ചയേറിയ ബ്ലേഡുകൊണ്ട് മുറിക്കും. രോഗിയുടെ തല ദാതാവിന്റെ ശരീരത്തിലേക്ക് പോളിഎഥിലീന്‍ ഗ്ലൈക്കോള്‍ എന്ന പശ ഉപയോഗിച്ച് ഒട്ടിയ്ക്കുകയാണ് ആദ്യഘട്ടം. മുറിച്ചുമാറ്റിയ ശിരസും ദാതാവിന്റെ നട്ടെല്ലും ചേര്‍ന്നുവരുന്ന രീതിയിലാണ് ഇത് ചെയ്യുന്നത്. ഈ ഭാഗത്തെ മസിലുകളും രക്തക്കുഴലുകളും പരസ്പരം തുന്നിച്ചേര്‍ക്കും.അതിന് ശേഷം രോഗിയുടെ തലയും ശരീരവും യോജിച്ച് പ്രവര്‍ത്തിക്കുന്നത് വരെ രോഗിയെ കോമാ സ്‌റ്റേജിലേക്ക് മാറ്റും. ഇത് നാല് ആഴ്ച്ചയോളം തുടരുമെന്നാണ് കരുതപ്പെടുന്നത്. നേരിയ തോതില്‍ വൈദ്യുതാഘാതം ഏല്‍പ്പിച്ചായിരിക്കും നട്ടെല്ലിനെ ഉത്തേജിപ്പിക്കുക. ഇതുവഴി തലയും പുതിയ ശരീരവും തമ്മിലുള്ള ബന്ധം ശക്തിപ്പെടും. അബോധാവസ്ഥയില്‍ നിന്നുണരുന്ന രോഗിക്ക് നടക്കാനും സ്വന്തം മുഖം മനസ്സിലാക്കാനും പഴയ ശബ്ദത്തില്‍ തന്നെ സംസാരിക്കാനും സാധിക്കുമെന്നാണ് ഡോ. സെര്‍ജിയോ കനാവെറോ അവകാശപ്പെടുന്നത്. 99 ശതമാനം വിജയസാധ്യതയാണ് ഡോക്ടര്‍ അവകാശപ്പെടുന്നത്. പുതിയ ശരീരത്തെ തല തിരസ്‌കരിക്കാതിരിക്കുമോ എന്നതാണ് ശസ്ത്രക്രിയ നേരിടുന്ന പ്രധാന വെല്ലുവിളി. ഇത് ഒഴിവാക്കാനായി ശക്തിയേറിയ മരുന്നുകള്‍ നല്‍കും.
അതേസമയം, തലമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്കെതിരെ അതിരൂക്ഷമായ വിമർശനങ്ങളും ഉയരുന്നുണ്ട്. തലമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞാല്‍ പുതിയ ശരീരത്തിലെ ജീനുകളും അണ്ഡങ്ങളും അനുസരിച്ചാകും കുട്ടികള്‍ എന്നതാണ് തലമാറ്റല്‍ ശസ്ത്രക്രിയ നേരിടുന്ന പ്രധാന വെല്ലുവിളി. അതായത് തലയ്ക്ക് ഈ ശരീരത്തില്‍ നിന്നും മക്കളുണ്ടായാല്‍ അവരുമായി ജനിതകപരമായി ഒരു ബന്ധവുമുണ്ടാകില്ല. തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായാല്‍ തന്നെ സ്പിരിഡൊനോവിന്റെ തല മറ്റൊരു ശരീരം സ്വീകരിക്കുമോ എന്നതായിരിക്കും പ്രധാന വെല്ലുവിളി.
അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ന്യൂറോളജിക്കല്‍ സര്‍ജന്‍സ് പ്രസിഡന്റ് ഡോ. ഹണ്ട് ബട്ട്ജറാണ് പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശമുയര്‍ത്തിയ പ്രമുഖന്‍. മൃതശരീരങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്തി വികൃതസത്വങ്ങളെ സൃഷ്ടിക്കുന്ന ഡോ.ഫ്രാങ്കസ്‌റ്റൈന്‍ എന്ന സാങ്കല്‍പിക കഥാപാത്രത്തോട് ഡോ. കനാവെരോയെ ഉപമിക്കുന്നവരും ഏറെയാണ്. ഫെയ്സ്ബുക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗ് അടക്കമുള്ള പ്രമുഖരില്‍ നിന്നും തന്റെ സംരംഭത്തിന് സംഭാവന പ്രതീക്ഷിക്കുന്നതായി കനവാരോ അറിയിച്ചിരുന്നു. മാക്ക് ആര്‍തര്‍ ഫൗണ്ടേഷനില്‍ നിന്നും 100 മില്യണ്‍ ഡോളറിന്റെ ഗ്രാന്റിനും ഇവര്‍ അപേക്ഷിച്ചിട്ടുണ്ട്. തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ മനുഷ്യര്‍ മരണത്തെ മറികടക്കുന്നതിനുള്ള ആദ്യ പടിയാണെന്നാണ് ഡോ. കനവാരോയുടെ അവകാശവാദം.
Comments
Post a Comment